തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പോലീസ്. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും.
തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ പോറ്റിക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതികളില്‍ കേസെടുത്ത് സ്വര്‍ണക്കൊള്ളക്കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയുകയാണ് നീക്കം. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിടും.
അതേസമയം അന്വേഷണം തുടങ്ങി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടി തുടങ്ങിയതോടെ വേഗത്തിൽ കുറ്റപത്രം നൽകാൻ എസ്ഐടി നീക്കം നടത്തുകയാണ്. ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണ്ണ മോഷണക്കേസിലാകും ആദ്യം കുറ്റപത്രം നല്‍കുക. ശാസ്ത്രീയ പരിശോധന ഫലത്തില്‍ വി.എസ്.എസ്.സിയുമായി വീണ്ടും കൂടിയാലോചന നടത്തി ഫെബ്രുവരി 15 നു മുന്‍പ് കുറ്റപത്രം നല്‍കാനാണ് നീക്കം.