കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ട വിധിക്കെതിരേ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ അനുമതി നൽകിയത്.
ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്ന ശുപാർശയിലാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടറും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്.
കേസിൽ വിചാരണ കോടതി വിധി വന്നതിന് പിന്നാലെ തന്നെ അപ്പീൽ പോവുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഒന്ന് മുതൽ ആറ് വരെ ശിക്ഷിച്ച പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വേണമെന്ന് അപ്പീലിൽ ആവശ്യപ്പെടും. ഗൂഢാലോചന കുറ്റം കൃത്യമായി തെളിയിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്.