ശബരിമലയിൽ അരവണ വിതരണത്തിന് കടുത്ത നിയന്ത്രണം; ഇനി ഒരാൾക്ക് 10 ടിൻ മാത്രം
അരവണ വിതരണത്തിൽ നിയന്ത്രണം വന്നതോടെ സീസണിൽ ഏകദേശം 50 മുതൽ 60 കോടി രൂപയുടെ വരെ വരുമാന നഷ്ടം ദേവസ്വം ബോർഡിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്
സന്നിധാനം: ശബരിമലയില്‍ അരവണ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് വിതരണത്തിൽ ദേവസ്വം ബോർഡ് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഒരു ഭക്തന് 10 ടിൻ അരവണ മാത്രമേ നൽകുകയുള്ളൂ. നേരത്തെ ഇത് 20 ടിന്നായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും ആവശ്യക്കാർ ഏറുകയും ഉൽപ്പാദനം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കർക്കശമാക്കിയത്.
അരവണ വിതരണത്തിൽ നിയന്ത്രണം വന്നതോടെ സീസണിൽ ഏകദേശം 50 മുതൽ 60 കോടി രൂപയുടെ വരെ വരുമാന നഷ്ടം ദേവസ്വം ബോർഡിനുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സീസണിലെ ആദ്യ 15 ദിവസം ലഭിച്ച 92 കോടി രൂപയിൽ 47 കോടിയും അരവണ വിറ്റഴിച്ചതിലൂടെയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 3.5 ലക്ഷം ടിൻ അരവണ വിറ്റഴിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ അത് 4.5 ലക്ഷം ടിന്നായി വർദ്ധിച്ചു. നിലവിലെ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി ദിവസം 2.6 ലക്ഷം ടിന്നാണ്. പരമാവധി ശേഷിയിൽ പ്രവർത്തിപ്പിച്ചാൽ പോലും 2.9 ലക്ഷം ടിൻ മാത്രമേ നിർമ്മിക്കാൻ സാധിക്കുന്നുള്ളൂ. നടതുറന്ന സമയത്ത് 48 ലക്ഷം ടിൻ അരവണ സ്റ്റോക്ക് ഉണ്ടായിരുന്നുവെങ്കിലും വർദ്ധിച്ച തിരക്ക് കാരണം ഇത് വേഗത്തിൽ തീർന്നുപോയി.
അരവണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ബോയിലർ, കൂളർ തുടങ്ങിയവ സ്ഥാപിക്കാൻ 2.20 കോടി രൂപയുടെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എങ്കിലും ഇതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് കോടതിയുടെ അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്. പ്ലാന്റ് നവീകരണം പൂർത്തിയായാൽ മാത്രമേ ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ സാധിക്കൂ.
What's Your Reaction?

