കണ്ണൂർ: കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് കെ.എൻ. പ്രശാന്താണ് വിധി പറഞ്ഞത്. രണ്ടാം പ്രതി ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ വെറുതെ വിട്ടു.
കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയുടെ വിധി. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. 21ന് ശിക്ഷാ വിധി പറയും.
കണ്ണൂർ തയ്യിൽ കൊടുവള്ളി ശരണ്യ മകൻ വിയാനെ(ഒന്നര) കൊന്നുവെന്നാണ് കേസ്. 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുലപ്പാൽ നൽകി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം നടത്തിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി വിമർശിച്ചു.