സ്വർണവിലയിൽ റെക്കോര്‍ഡ് കുതിപ്പ്; പവന് ഒറ്റയടിക്ക് 1,400 രൂപ വർധിച്ചു
സ്വർണത്തിനൊപ്പം വെള്ളി വിലയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന്റെ വില ഒറ്റയടിക്ക് 1,400 രൂപ വർധിച്ച് 1,06,840 രൂപയായി. കഴിഞ്ഞ ദിവസം ഇത് 1,05,440 രൂപയായിരുന്നു. ഗ്രാമിന് 175 രൂപ വർധിച്ച് 13,355 രൂപയിലുമെത്തി. സ്വർണത്തിനൊപ്പം വെള്ളി വിലയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി ആഗോള വിപണിയിൽ വലിയ ചലനമുണ്ടാക്കി. ഇത് നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് മാറാൻ കാരണമായി.
യുഎസിലെ തൊഴിൽ മേഖലയിലെ അനിശ്ചിതത്വവും ചൈനീസ് സമ്പദ്‌വ്യവസ്ഥ നേരിടുന്ന തിരിച്ചടികളും സ്വർണത്തിന് ഡിമാൻഡ് വർധിപ്പിച്ചു. ഗോൾഡ് ഇടിഎഫുകളിലേക്ക് (ETF) വൻതോതിൽ നിക്ഷേപം എത്തുന്നതും വില ഉയരാൻ കാരണമായി.
ആഗോള വിപണിയിൽ സ്വർണ വില ട്രോയ് ഔൺസിന് 4,670 ഡോളർ നിലവാരത്തിലെത്തി. വെള്ളി വില 4.4 ശതമാനം ഉയർന്ന് 93.85 ഡോളറിലെത്തി. ട്രംപിന്റെ സാമ്പത്തിക നയങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലും സ്വർണവില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
What's Your Reaction?

