മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിഡി സതീശൻ

മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് വി ഡി സതീശൻ

Jan 19, 2026 - 14:44
Jan 19, 2026 - 14:45
 0
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച്  വിഡി സതീശൻ
കൊച്ചി: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മന്ത്രി നടത്തിയത് വിദ്വേഷ പ്രസ്താവനയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മാത്രമല്ല സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു. 
 
മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുന്നുവെന്ന് പറഞ്ഞ വി ഡി സതീശൻ  മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗമെന്നും വിമർശനം ഉന്നയിച്ചു. ആദ്യം ബാലനും ഇപ്പോൾ സജി ചെറിയാനും വിവാദ പ്രസ്താവനകൾ പറയുന്നു.
 
ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാറിന്റെ അതേ വഴിയിലൂടെയാണ് സിപിഐഎം യാത്ര ചെയ്യുന്നത്. അതിന് മുഖ്യമന്ത്രി കുടപിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ നിയമസഭാംഗമായിരിക്കെ ഒരാള്‍ ഇത്തരമൊരു വര്‍ഗീയ പ്രസ്താവന നടത്തിയിട്ടില്ല. ജയിച്ചുവരുന്നയാളുടെ മതം നോക്കാന്‍ പറഞ്ഞ ക്രൂരമായ പ്രസ്താവനയാണ് സജി ചെറിയാന്റേത്.
 
എത്ര ആപത്കരവും അപകടകരവുമായ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതിനുള്ള പ്രസ്താവനയാണ് ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സജി ചെറിയാൻ തിരുത്താൻ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവർത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
 
തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവർക്ക് തീക്കൊള്ളി നൽകുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്.  തന്റെ വാക്കുകൾ ചരിത്രത്തിൽ കുറിച്ചുവെച്ചോളാനും പ്രതിപക്ഷ നേതാവ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow