ശബരിമല വിമാനത്താവളം വീണ്ടും അനിശ്ചിതത്വത്തിൽ; ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയല്ലെന്ന് കോടതി
എസ്റ്റേറ്റ് സർക്കാർ സ്ഥലമല്ലെന്ന നിലവിലെ ഉടമകളായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം കോടതി അംഗീകരിച്ചു
കോട്ടയം: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ ഭാഗമായ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് വാദിച്ചുകൊണ്ട് സമർപ്പിച്ച ഹർജി പാലാ കോടതി തള്ളി. എസ്റ്റേറ്റ് സർക്കാർ സ്ഥലമല്ലെന്ന നിലവിലെ ഉടമകളായ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം കോടതി അംഗീകരിച്ചു.
എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റിനെതിരെ സർക്കാർ ഉന്നയിച്ച വാദങ്ങൾ കോടതി തള്ളി. ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്ന ട്രസ്റ്റിന്റെ വാദം കോടതി ശരിവെച്ചു. 1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ ഭൂമി സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്നായിരുന്നു റവന്യൂ വകുപ്പിന്റെ വാദം. ഹാരിസൺ പ്ലാന്റേഷൻസ് നിയമവിരുദ്ധമായാണ് ഭൂമി ട്രസ്റ്റിന് കൈമാറിയതെന്നും സർക്കാർ വാദിച്ചിരുന്നു.
വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2,263 ഏക്കർ സ്ഥലത്തിന്റെ കാര്യത്തിലാണ് ഈ വിധി വന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ഈ സ്ഥലം. കോടതി വിധിയോടെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വീണ്ടും പ്രതിസന്ധിയിലായി. ഒന്നുകിൽ അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് വിപണി വില നൽകി സർക്കാർ ഈ സ്ഥലം വാങ്ങേണ്ടി വരും, അല്ലെങ്കിൽ ട്രസ്റ്റ് സ്വമേധയാ വിട്ടുനൽകണം. ഇതിനെതിരെ സർക്കാർ മേൽക്കോടതിയെ സമീപിക്കാനാണ് സാധ്യത.
What's Your Reaction?