തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പട്ടാഴി സ്വദേശിയായ 48 കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കശുവണ്ടി തൊഴിലാളിയായിരുന്നു മരിച്ച സ്ത്രീ.
സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര മരണമാണിത്. അതേസമയം, അമീബിക് മസ്തിഷ്‌കജ്വരവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ, ഏകാരോഗ്യത്തെ അടിസ്ഥാനമാക്കിയുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ആശങ്ക തുടരുകയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്.