മുനമ്പം വഖഫ് ഭൂമി: തുടർനടപടികൾ ആലോചിക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു

സംസ്ഥാന സർക്കാരിനും മന്ത്രി പി.രാജീവിനും നന്ദി അറിയിച്ച് മുനമ്പം സമരസമിതി

Oct 12, 2025 - 15:09
Oct 12, 2025 - 15:10
 0
മുനമ്പം വഖഫ് ഭൂമി: തുടർനടപടികൾ ആലോചിക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു
എറണാകുളം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകളിൽ തുടർനടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു ചേർത്തതായി നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനും നിയമ മന്ത്രി പി.രാജീവിനും മുനമ്പം സമരസമിതി നന്ദി അറിയിച്ചു. കളമശ്ശേരി എം.എൽ.എ ഓഫീസിൽ എത്തിയാണ് സമരസമിതി ഭാരവാഹികൾ സംസ്ഥാനസർക്കാരിനുള്ള നന്ദി അറിയിച്ചത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ സമരസമിതി പൂർണ്ണതൃപ്തി പ്രകടിപ്പിച്ചു. ഫാ. ആൻ്റണി സേവ്യർ തറയിലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ സന്ദർശിച്ചത്.
 
മുനമ്പം പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിക്കുകയും ഡിവിഷൻ ബെഞ്ചിൽ അപ്പിൽ പോവുകയും ചെയ്തതുകൊണ്ടാണ് ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന സന്തോഷം സമരസമിതി പ്രകടിപ്പിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാനുള്ള തുടർ നടപടികൾ സംബന്ധിച്ച് ഉടനെ ചർച്ച ചെയ്യും. മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് ജ.സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്. 
 
കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കമ്മീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല എന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ കമ്മീഷൻ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തിങ്കളാഴ്ച വിളിച്ചു ചേർക്കുന്ന ബന്ധപ്പെട്ടവരുടെ യോഗം തിങ്കളാഴ്ച നടക്കും. കമ്മീഷൻ റിപ്പോർട്ടിൽ സ്വീകരിക്കേണ്ട തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow