തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐ.ടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് പിടിയിലായത്. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളിലേക്ക് അന്വേഷണം നീണ്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം പ്രതി മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് വിവരം.
ഇയാളെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. 25 വയസുള്ള യുവതി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങുമ്പോഴാണ് അതിക്രമം നടന്നത്.
ഹോസ്റ്റൽ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. ഞെട്ടി ഉണർന്ന യുവതി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് അധികൃതരാണ് പോലീസിൽ പരാതി നൽകിയത്.