ചായ വീണ്ടും തിളപ്പിച്ച് കുടിക്കുന്നത് സുരക്ഷിതമല്ല; കാരണം ഇതാണ്
ചായ വീണ്ടും ചൂടാക്കുമ്പോൾ അതിലെ ടാനിനുകളുടെ സാന്ദ്രത വർധിക്കുകയും ചായയ്ക്ക് കയ്പ്പ് രുചി കൂടുകയും ചെയ്യുന്നു.

ഒരു തവണ ഉണ്ടാക്കിയ ചായ വീണ്ടും വീണ്ടും തിളപ്പിച്ചു കുടിക്കുന്ന ശീലമുണ്ടെങ്കിൽ അത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'ജേണൽ ഓഫ് ഫുഡ് സയൻസി'ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ചായ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അഞ്ച് തരം ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.
ചായ വീണ്ടും ചൂടാക്കുമ്പോൾ അതിലെ ടാനിനുകളുടെ സാന്ദ്രത വർധിക്കുകയും ചായയ്ക്ക് കയ്പ്പ് രുചി കൂടുകയും ചെയ്യുന്നു. ഇത് ചായയ്ക്ക് കൂടുതൽ അസിഡിക് സ്വഭാവം നൽകും. ഈ അസിഡിറ്റി നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ, ദഹനക്കേട് എന്നിവയിലേക്ക് നയിക്കും.
ആസിഡ് സെൻസിറ്റിവിറ്റി ഉള്ള ആളുകൾ ഇത് കുടിച്ചാൽ വയറുവീർക്കാനും അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്. കൂടാതെ ദഹന സംയുക്തങ്ങളുടെ സന്തുലിതാവസ്ഥയെയും ഇത് ബാധിക്കും. ചായ ഉണ്ടാക്കിയ ശേഷം സാധാരണ താപനിലയിൽ കൂടുതൽ നേരം വെച്ചാൽ അതിൽ ബാക്ടീരിയകൾ വളരാനുള്ള സാധ്യത കൂടുതലാണ്.
ദോഷകരമായ ഈ ബാക്ടീരിയകളെ ചായ വീണ്ടും ചൂടാക്കിയാലും പൂർണ്ണമായി നശിപ്പിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള ചായ കുടിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ചായയുടെ ഏറ്റവും പ്രധാന ഗുണമായ ആന്റിഓക്‌സിഡന്റുകൾ വീണ്ടും ചൂടാക്കുമ്പോൾ നശിച്ചുപോകുന്നു.
കാറ്റെച്ചിനുകൾ, പോളിഫെനോളുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ചായ. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നവയാണ്. ഇവയുടെ കുറവ് ചായയുടെ ഗുണമേന്മ കുറയ്ക്കും. ചായ വീണ്ടും ചൂടാക്കുന്നത് അതിൻ്റെ രുചി, മണം, രാസഘടന എന്നിവയിൽ മാറ്റങ്ങൾ വരുത്തും. ഇത് ചായ കുടിക്കുന്നത് അസുഖകരമാക്കുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
What's Your Reaction?






