ആൻ്റ്‌വെർപ്: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി. ബെൽജിയത്തിലെ ആന്‍റ്വെർപ്പ് കോടതിയാണ് അനുമതി നൽകിയത്.
ബെൽജിയൻ പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത് സാധുവാണെന്ന് ആന്റ്‌വെർപ്പിലെ കോടതി വ്യക്തമാക്കി. അതേസമയം ഇനിയും അപ്പീലിന് അവസരമുള്ളതിനാൽ മെഹുൽ ചോക്‌സിയെ ഉടൻ ഇന്ത്യയിലെത്തിക്കാനാവുമോയെന്ന് ഉറപ്പില്ല. 15 ദിവസത്തിനുള്ളിൽ ബെൽജിയൻ സുപ്രീം കോടതിയിൽ ചോക്സിക്ക് അപ്പീൽ നൽകാം.
13,500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതിയാണ് അറുപത്തഞ്ചുകാരനായ മെഹുൽ ചോക്സി. ഇന്ത്യന്‍ ഏജൻസികളുടെ ആവശ്യപ്രകാരം 2025 ഏപ്രിൽ 11നാണ് ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2,565 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ലേലം ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.