അബ്ദുൽ റഹീമിന് ആശ്വാസം; അടുത്ത വര്‍ഷം മോചനം, കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി
റഹീമിനെതിരെ ഇനി മറ്റു നിയമനടപടികൾ ഒന്നും ഉണ്ടാകുകയില്ല

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന് ആശ്വാസം. കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. റഹീമിനെതിരെ ഇനി മറ്റു നിയമനടപടികൾ ഒന്നും ഉണ്ടാകുകയില്ല.
കീഴ്‌ക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ തള്ളിയതോടെ, റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷ അന്തിമമായി. 2026 മെയ് മാസത്തിൽ ഈ ശിക്ഷാകാലാവധി പൂർത്തിയാകും. ശിക്ഷ പൂർത്തിയാകുന്നതോടെ റഹീമിന് ജയിൽമോചിതനായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കും.
2006 നവംബറിലാണ് സൗദി ബാലനായ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. തുടർന്ന്, 2012-ൽ കോടതി വധശിക്ഷ വിധിച്ചു. സ്വകാര്യ അവകാശ നിയമപ്രകാരമുള്ള ഈ വധശിക്ഷ ഒഴിവായത് ഒരു വർഷം മുൻപാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായത്തോടെ സമാഹരിച്ച 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം (നഷ്ടപരിഹാരം) നൽകിയതോടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം മാപ്പ് നൽകിയത്.
What's Your Reaction?






