'ദഹ്ബാൻ' കവർ പ്രകാശനം ഡോ.ജോർജ്ജ് ഓണക്കൂർ നിർവ്വഹിച്ചു

പുസ്തകത്തിന്റെ പേരും, പുറംചട്ടയും സമ്മാനിക്കുന്ന ഗൂഢത വായനയുടെ അവസാന പുറംവരെ നിലനിറുത്തുന്നതിൽ നോവലിസ്റ്റ് വിജയം കൈവരിക്കുന്നതിലൂടെ വായനക്ഷമതയും പുസ്തകം ഉറപ്പാക്കുന്നുണ്ട്

Apr 26, 2025 - 22:23
May 13, 2025 - 16:58
 0  62
'ദഹ്ബാൻ' കവർ പ്രകാശനം ഡോ.ജോർജ്ജ് ഓണക്കൂർ നിർവ്വഹിച്ചു

തിരുവനന്തപുരം: സൗദി അറേബ്യയുടെ ഗ്രാമീണ പശ്ചാത്തലത്തിൽ ജഗദീഷ് കോവളം രചിച്ച നോവൽ 'ദഹ്ബാൻ'-ന്റെ പുറംചട്ട പ്രകാശനം വിഖ്യാത സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ നിർവ്വഹിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ട തടവുകാരൻ, തന്റെ ജയിൽവാസ കാലത്ത് എഴുതിപൂർത്തീകരിച്ച നോവൽ എന്ന തലത്തിലാണ് ദഹ്ബാന്റെ ആഖ്യാനം. മലയാളത്തിന് ചിരപരിചിതമല്ലാത്ത പശ്ചാത്തലവും അനിതര സാധാരണമായ പ്രമേയവും ദഹ്ബാൻ എന്ന നോവലിനെ വ്യത്യസ്തമാക്കുന്നു.

പാക്ക് അധിനിവേശ കാശ്മീർ സ്വദേശിയായ യുവാവും, മലയാളി എഴുത്തുകാരനും തമ്മിൽ സൗദി അറേബ്യയിൽ വെച്ച് ഉടലെടുക്കുന്ന സൗഹൃദവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും നോവലിന്റെ ഇതിവൃത്തം. പഹൽഗാം ഭീകരാക്രമണം സംഭവ്യമായ സാഹചര്യത്തിൽതന്നെ പാക്ക്അധിനിവേശ കാശ്മീരിലെ ജനജീവിതംകൂടി പ്രമേയവത്കരിക്കപ്പെടുന്ന നോവൽ പുറത്തിറങ്ങുന്നു എന്നതും യാദൃശ്ചികം. 

തന്നിൽ വിശ്വസിക്കുന്നവരെ മാത്രം രക്ഷിക്കുമെന്ന് ഉത്ഘോഷിക്കുന്ന ദൈവങ്ങൾ സ്വജനപക്ഷപാതികൾ അല്ലേ..? എന്ന ചോദ്യം വരും കാലങ്ങളിൽ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചേക്കാം.

വായനക്കാർക്ക് ആർക്കുംതന്നെ സ്വയം സന്നിവേശിക്കാൻ പാകത്തിൽ തുന്നിയിട്ടുള്ള നോവലിലെ പേരില്ലാത്ത നായകന്റെ കുപ്പായം, വായനാവേളയിൽ അനുവാചകർ അറിയാതെതന്നെ എടുത്തണിയുകയും കഥാപാത്രമായി സ്വയം രൂപപ്പെട്ട് കഥയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന എഴുത്തുരീതി വായനയിലുപരി അനുഭവിപ്പിക്കൽ തന്നെയാകും സമ്മാനിക്കുക.

പ്രണയവും പ്രകൃതിയും തമ്മിലുള്ള ഗാഢബന്ധത്തെയും കൃതി അനാവരണം ചെയ്യുന്നുണ്ട്. മരുഭൂമിയിൽ തളിർക്കുന്ന പ്രണയം ഹരിതാഭമാണോ..? ആ പ്രണയത്തിന് കുളിരേകാൻ കഴിയുമോ..? മണ്ണിലും, മനസ്സിലും മനുഷ്യരും മതങ്ങളും ചേർന്ന് കെട്ടിപ്പൊക്കുന്ന മതിലുകൾക്കുള്ളിൽ ബന്ധിതരാകുന്നവരുടെ മനോവികാരങ്ങളും, മാനവികതയുടെ ഉയരവും വ്യാപ്തിയും ദഹ്ബാൻ എന്ന കൃതി അനാവൃതമാക്കുന്നു.

സങ്കീർണതകൾക്ക് തെല്ലും ഇട നൽകാത്ത വിധത്തിൽ, തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അതിഭാവുകത്വത്തിന്റെ മേമ്പൊടിയില്ലാതെ ജഗദീഷ് കോവളം അക്ഷരങ്ങളിലൂടെ വരച്ചിടുമ്പോൾ, പച്ചയായ ജീവിതക്കാഴ്ചകളുടെ ഉള്ളുപൊള്ളിക്കുന്ന നേർകാഴ്ചകളോ, നേരനുഭവങ്ങളോ ആയി ദഹ്ബാൻ വായനക്കാരുടെ ഉള്ളിൽ ഇടം നേടുമെന്ന് നിസ്സംശയം പറയാൻ സാധിക്കും.

പുസ്തകത്തിന്റെ പേരും, പുറംചട്ടയും സമ്മാനിക്കുന്ന ഗൂഢത വായനയുടെ അവസാന പുറംവരെ നിലനിറുത്തുന്നതിൽ നോവലിസ്റ്റ് വിജയം കൈവരിക്കുന്നതിലൂടെ വായനക്ഷമതയും പുസ്തകം ഉറപ്പാക്കുന്നുണ്ട്. പ്രണയം എന്ന പദത്തിന് സാഹിറ എന്നൊരു പര്യായംകൂടി ദഹ്ബാൻ സൃഷ്ടിക്കുന്നു.
 
ആർട്ടിസ്റ്റ് ഭട്ടതിരിയുടെ കലിഗ്രഫിയും, ആർട്ടിസ്റ്റ് ജിജോ സോമൻ രൂപകല്പനചെയ്ത പുറംചട്ടയും പുസ്തകത്തെ ആകർഷകമാക്കുന്നു. മാൻ കൈന്റ് ലിറ്ററേച്ചർ പുറത്തിറക്കുന്ന ദഹ്‌ബാൻ മെയ്മാസം വിപണിയിലെത്തുമെന്ന് പ്രസാധകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow