കഴക്കൂട്ടം ബലാത്സംഗം: പ്രതിയായ ലോറി ഡ്രൈവർ പ്രതി കുറ്റം സമ്മതിച്ചു, തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി
തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഡി.സി.പി. ടി. ഫറാഷ് വെളിപ്പെടുത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് ഡി.സി.പി. ടി. ഫറാഷ് വെളിപ്പെടുത്തി.
കസ്റ്റഡിയിലെടുത്ത ലോറി ഡ്രൈവറായ പ്രതി കുറ്റം സമ്മതിച്ചതായി ഡി.സി.പി. അറിയിച്ചു. ജോലിയുടെ ഭാഗമായാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. ഒക്ടോബർ 17 ന് പുലർച്ചെയാണ് പരാതി ലഭിച്ചത്. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചതെന്നും ശനിയാഴ്ച തന്നെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചുവെന്നും ഡി.സി.പി. പറഞ്ഞു.
അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ട്. കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നിലവിൽ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് അറിയിച്ചു.
ഐ.ടി. ജീവനക്കാരിയായ യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയാണ് പ്രതി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെയാണ് ഇയാൾ ആക്രമിച്ചത്. കഴക്കൂട്ടം കേന്ദ്രീകരിച്ച് പട്രോളിങ് ശക്തമാക്കുമെന്നും എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ രജിസ്റ്റർ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡി.സി.പി. അറിയിച്ചു.
What's Your Reaction?






