ഫിഫ ലോകകപ്പ്: ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വിറ്റുപോയത് 10 ലക്ഷം ടിക്കറ്റുകള്‍
ലോകമെമ്പാടുമുള്ള 212 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ വിവിധ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്

സൂറിച്ച്: അടുത്ത വർഷം അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ പോരാട്ടത്തിൻ്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വിൽപ്പന ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 10 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഫിഫ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള 212 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ വിവിധ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ആതിഥേയ രാജ്യങ്ങളായ യു.എസ്., കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ടിക്കറ്റുകൾ കൂടുതൽ വിറ്റഴിയുന്നത്.
ഇംഗ്ലണ്ട്, ജർമനി, ബ്രസീൽ, സ്പെയിൻ, കൊളംബിയ, അർജൻ്റീന, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിലെ ആരാധകരും വലിയ തോതിൽ ടിക്കറ്റുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ടിക്കറ്റുകൾ ലഭിക്കാത്ത ആരാധകർ നിരാശപ്പെടേണ്ടതില്ല. ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടം ഈ മാസം 27 മുതൽ ആരംഭിക്കും. ഈ ഘട്ടത്തിൽ ടിക്കറ്റ് ലഭിക്കാതിരുന്നവർക്ക് വീണ്ടും ശ്രമിക്കാവുന്നതാണ്.
അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബോൾ പോരാട്ടം ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകൾ സ്വർണ്ണക്കപ്പിനായി പോരിനിറങ്ങും. നിലവിൽ 28 രാജ്യങ്ങൾ ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.
What's Your Reaction?






