ദീപാവലി ആഘോഷങ്ങൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാകണം

പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് മലിനീകരണത്തിന്റെ അളവ് കുറഞ്ഞവയാണ് ഹരിതപടക്കങ്ങൾ

Oct 18, 2025 - 18:42
Oct 18, 2025 - 18:42
 0
ദീപാവലി ആഘോഷങ്ങൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാകണം
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷം പരിസരമലിനീകരണം പരമാവധി ഒഴിവാക്കി പരിസര ശുചിത്വം പാലിച്ചാകണമെന്ന് ശുചിത്വമിഷൻ നിർദ്ദേശിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, സ്‌ട്രോകൾ, പ്ലാസ്റ്റിക് കോട്ടിംഗ് കൊണ്ടുള്ള കപ്പുകൾ തുടങ്ങിയവ ഒഴിവാക്കണം. ബഹു. സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെണയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കുവാൻ പാടില്ല. എട്ടു മുതൽ പത്തു വരെയുള്ള രണ്ടു മണിക്കൂർ സമയത്താണ് പടക്കങ്ങൾ ഉപയോഗിക്കേണ്ടത്.
 
പരമ്പരാഗത പടക്കങ്ങളെ അപേക്ഷിച്ച് മലിനീകരണത്തിന്റെ അളവ് കുറഞ്ഞവയാണ് ഹരിതപടക്കങ്ങൾ. ഇവ സാധാരണ പടക്കങ്ങളുടെ രാസഘടനയിൽ മാറ്റങ്ങൾ വരുത്തിയും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അളവ് കുറച്ചുകൊണ്ടും പുക, വാതകങ്ങൾ എന്നിവയുടെ പുറന്തള്ളൽ കുറയ്ക്കുന്നതിനായുള്ള ചേരുവകൾ കൂട്ടിച്ചേർത്തും നിർമ്മിച്ചവയാണ്. ഇതിലൂടെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന പൊടിപടലങ്ങളുടെ (PM) അളവ് 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. കൂടാതെ ശബ്ദതീവ്രത നിശ്ചിത പരിധി കവിയാതിരിക്കാൻ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസിവ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) ഇവ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഹരിത പടക്കങ്ങളിൽ  അപകടകരമായ ഘനലോഹങ്ങൾ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു.
 
CSIR-NEERI അംഗീകരിച്ച ഹരിത പടക്കങ്ങളിൽ പ്രത്യേക ക്യൂ ആർ കോഡ് ഉണ്ടാകും.  മെർക്കുറി, ലെഡ്, ആഴ്‌സെനിക് തുടങ്ങിയ ഘന ലോഹങ്ങൾ ജലത്തിൽ ലയിച്ച് മണ്ണിനും ജലാശയങ്ങൾക്കും അപകടം വരുത്തുന്നത് തടയാൻ ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നത് വഴി സാധിക്കും. പടക്കങ്ങൾ ഉപയോഗിക്കുന്നത് പരിസര ശുചീകരണം പരമാവധി ഉറപ്പാക്കി ആകണമെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് നിർദ്ദേശിച്ചു.
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow