തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ചെമ്പുപാളിയെന്ന് ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയത് അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ പത്മകുമാറെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മാത്രമല്ല പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തുവിടാൻ നേരത്തെ തന്നെ ഇടപെടൽ നടത്തിയിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. നടപടിക്രമം മറികടന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചു.സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
2019ൽ ബോർഡിനു മുൻപിൽ പത്മകുമാർ വിഷയം അവതരിപ്പിച്ചെങ്കിലും അംഗങ്ങൾ എതിർത്തിരുന്നതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മാര്‍ച്ച് 2019ല്‍ എ. പത്മകുമാറിന്റെ അധ്യക്ഷതയില്‍ ചേരാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗത്തിന്റെ അജണ്ട നോട്ടീസില്‍ സ്വന്തം കൈപ്പടയില്‍ ‘സ്വര്‍ണ്ണം പതിച്ച ചെമ്പ് പാളികള്‍’ എന്നതിന് പകരം ‘ചെമ്പുപാളികള്‍’ എന്ന് മാത്രം എഴുതി ചേര്‍ത്തു.
പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോർഡ് മിനുട്സിൽ മറ്റ് അംഗങ്ങൾ അറിയാതെ തിരുത്തൽ വരുത്തിയെന്നും എസ്ഐടി കണ്ടെത്തി. ആസൂത്രണം തുടങ്ങിയത് ദേവസ്വം തലപ്പത്ത് നിന്നെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളി കൈമാറാന്‍ നീക്കം ആരംഭിച്ചത് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമെന്നാണ് വ്യക്തമാക്കുന്നത്.