പത്തനംതിട്ട: ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ. സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. പമ്പയില്‍ നടന്നിരുന്ന സ്‌പോട്ട് ബുക്കിങ് നിലയ്ക്കല്‍ നടക്കും.
പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും. കൂടാതെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്.
ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കും. എല്ലാ ഭക്തര്‍ക്കും കുടിവെള്ളം ഉറപ്പാക്കുകയും ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്‍കും. തിരക്ക് നിയന്ത്രിക്കുന്നതിനായി എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. തൃശ്ശൂരിൽ നിന്നുള്ള 35 അംഗ സംഘം ആണ് സന്നിധാനത്ത് എത്തിയത്.
ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും. ചെന്നൈയിൽനിന്ന് നാല്പതംഗ സംഘമാണ് എത്തുന്നത്. ശബരിമല നട തുറന്ന് ആദ്യ ഒരു മണിക്കൂറില്‍ 4,165 പേര്‍ ദര്‍ശനം നടത്തിയിരുന്നു. ഒരു മിനിറ്റില്‍ ശരാശരി 69 പേര്‍ പടി കയറിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. പുലര്‍ച്ചെ നാല് മുതല്‍ അഞ്ച് വരെ 4,199 പേരാണ് ദര്‍ശനം നടത്തിയത്. അഞ്ച് മണി മുതല്‍ ആറ് മണി വരെ 3,861 പേര്‍ ദര്‍ശനം നടത്തി.