ശബരിമല ദർശനം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെൽ 1,600 ട്രിപ്പുകൾ ഒരുക്കും; മൂന്ന് പ്രത്യേക പാക്കേജുകൾ
ഭക്തർക്ക് നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ നേരിട്ട് പമ്പയിലേക്ക് എത്തിച്ചേരാൻ സാധിക്കും
തിരുവനന്തപുരം: ഈ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) കീഴിൽ ശബരിമല ദർശനത്തിനായി 1600 ട്രിപ്പുകൾ ക്രമീകരിക്കും. കഴിഞ്ഞ വർഷം 950 ട്രിപ്പുകൾ മാത്രമാണ് നടത്തിയിരുന്നത്. ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഇത്തവണ 3 വ്യത്യസ്ത യാത്രാ പാക്കേജുകളാണ് ബിടിസി അവതരിപ്പിക്കുന്നത്.
ഭക്തർക്ക് നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ നേരിട്ട് പമ്പയിലേക്ക് എത്തിച്ചേരാൻ സാധിക്കും. നിലയ്ക്കലിൽ തങ്ങാതെ നേരിട്ട് പമ്പയിലേക്ക് എത്തിക്കുന്ന ട്രിപ്പുകൾ. പന്തളം, പെരുനാട് തുടങ്ങിയ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളുൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പാക്കേജ്. സംസ്ഥാനത്തിന്റെ തെക്ക്-വടക്ക് മേഖലകളിലെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ദർശനം നടത്താൻ അവസരം നൽകുന്ന വിപുലമായ പാക്കേജ്. സംസ്ഥാനത്തെ 93 ഡിപ്പോകളിൽ നിന്നും ഈ ട്രിപ്പുകൾ ക്രമീകരിക്കും. സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ 3 മേഖലകളായി തിരിച്ചാണ് ഏകോപനം നടത്തുന്നത്.
മകരവിളക്ക് ദിനമായ ജനുവരി 15 വരെയാണ് ബിടിസി യാത്രകൾ ക്രമീകരിക്കുന്നത്. പമ്പയിൽ ഭക്തർക്ക് ലഗേജ് സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനുമുള്ള സൗകര്യങ്ങൾ ഒരുക്കും. സന്നിധാനത്ത് ഭക്തരുടെ ആവശ്യങ്ങൾക്കായി ബജറ്റ് ടൂറിസം സെൽ കോഓർഡിനേറ്റർമാരുടെ സേവനം ലഭ്യമാക്കും. ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഭക്തർക്ക് കമ്മിഷനും നൽകുന്നുണ്ട്.
What's Your Reaction?

