തിരുവനന്തപുരം: വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കെഎസ്ഇബിയില്‍ കണ്ടെത്തിയത് വ്യാപക അഴിമതി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.
വിജിലന്‍സിന്റെ പരിശോധനയില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണ് കെഎസ്ഇബിയില്‍ കണ്ടെത്തിയത്. 41 ഉദ്യോഗസ്ഥർ പല കരാറുകളിലായി വാങ്ങിയ 16,50,000 രൂപ പിടിച്ചെടുത്തു. കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവരുന്നതായി വിജലൻസിന് പരാതി ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വിജിലൻസ് ഡയറക്‌ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ഇന്ന് ഒരേസമയം പരിശോധന നടന്നത്. കൽപ്പറ്റയിൽ 3 ഉദ്യോഗസ്ഥർ ചേർന്ന് 1,33,000 രൂപ കൈക്കൂലി വാങ്ങി. മാനന്തവാടിയിൽ 1,32,000 രൂപ കൈക്കൂലി വാങ്ങി. ബത്തേരിയിൽ 84, 800 രൂപയും കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി.
ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് 1.67 ലക്ഷം വന്നത് കട നടത്തുന്നയാളില്‍ നിന്നാണെന്ന് കണ്ടെത്തി. എ ഇ, ഓവർസിയർമാർ, സബ് എഞ്ചിനീയർമാർ തുടങ്ങിയവരെല്ലാം കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്തിയതായും വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരത്തെ സബ് എഞ്ചിനീയര്‍ കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഗൂഗിൾ പേ, യു.പി.ഐ മുഖേനയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിരിക്കുന്നത്. ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയുടെ പ്രവൃത്തികളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ചു നൽകുന്ന രീതി പലയിടത്തും കണ്ടെത്തി.
കരാറുകാരിൽനിന്ന് കമീഷൻ ഇനത്തിൽ പണംപറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവർത്തികളിൽ യഥാവിധി പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നതായി വിവരം കിട്ടി.ഇതുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് സംഘം പരിശോധിച്ചു. ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിജിലന്‍സ്. വിജിലൻസ് പരിശോധന ഇന്നും തുടരും.