ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്ക് തിരിച്ചടി; ധനസഹായം നിർത്തലാക്കി സർക്കാർ 

ദുരന്തത്തിൽ കൃഷിഭൂമിയും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്ക് നിലവിൽ മറ്റ് വരുമാനമാർഗ്ഗങ്ങളില്ല

Jan 17, 2026 - 14:11
Jan 17, 2026 - 14:12
 0
ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്ക് തിരിച്ചടി; ധനസഹായം നിർത്തലാക്കി സർക്കാർ 

കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകി വന്നിരുന്ന പ്രതിമാസ ധനസഹായം നിർത്തലാക്കി. ഓരോ കുടുംബത്തിനും നൽകിയിരുന്ന 9000 രൂപയാണ് ഡിസംബറോടെ അവസാനിച്ചത്. പുനരധിവാസം വൈകുന്നതിനിടെ ലഭിച്ചുകൊണ്ടിരുന്ന ഏക വരുമാനമാർഗം കൂടി ഇല്ലാതായത് ആയിരത്തോളം കുടുംബങ്ങളെ കടുത്ത ദുരിതത്തിലാക്കി.

ദുരന്തത്തിൽ കൃഷിഭൂമിയും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്ക് നിലവിൽ മറ്റ് വരുമാനമാർഗ്ഗങ്ങളില്ല. കൂലിപ്പണിക്ക് പോയിരുന്നവർക്ക് പോലും ശാരീരികവും മാനസികവുമായ ആഘാതങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.

ആറ് മാസത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ടൗൺഷിപ്പ് നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. നിലവിൽ നൽകി വരുന്ന വീട്ടുവാടക മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഉരുൾപൊട്ടലിൽ തകർന്ന കച്ചവട സ്ഥാപനങ്ങൾക്ക് ഇതുവരെയും സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് ഉടമകൾ പരാതിപ്പെടുന്നു.

പുനരധിവാസം പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതുവരെ സംരക്ഷണം നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. "മരിച്ചവരേക്കാൾ കഷ്ടത്തിലാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നവർ" എന്ന വേദനയോടെയാണ് ഓരോ കുടുംബവും ഈ നടപടിയോട് പ്രതികരിക്കുന്നത്. പുനരധിവാസം പൂർത്തിയാകുന്നത് വരെയെങ്കിലും ധനസഹായം തുടരണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും ദുരന്തബാധിതരും സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow