ഡൽഹി: ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വലിയ കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ വലിയ അവസരങ്ങൾ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത് എന്നും പ്രധാന മന്ത്രി പറഞ്ഞു. നിർമ്മാണ മേഖലക്ക് വലിയ ഉത്തേജനം നൽകുമെന്നും എണ്ണപര്യവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
മാത്രമല്ല ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഈ കരാർ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാന മന്ത്രി പറഞ്ഞു. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്. ഈ കരാർ ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിൽ ഒരു ഭാഗവും ഉൾക്കൊള്ളുന്നുവെന്നും മോദി വ്യക്തമാക്കി.
അതേസമയം കാർഷിക ഉത്പന്നങ്ങളെ കരാറിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഈ വർഷം അവസാനമാണ് ഒപ്പിടുക. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കരാറിന് യൂറോപ്യൻ പാർലമെന്റിന്റെയും കേന്ദ്രമന്ത്രിസഭയുടെയും അംഗീകാരം വേണം.