മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിന് എതിരെ കേസ്

പത്തനംതിട്ട റാന്നി ഡിവിഷനാണ് കേസെടുത്തത്

Jan 27, 2026 - 16:17
Jan 27, 2026 - 16:17
 0
മകരവിളക്ക് ദിനത്തെ സിനിമ ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിന് എതിരെ കേസ്
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തിയതുമാ‍യി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിനെതിരേ കേസെടുത്തു. വനംവകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
 
പത്തനംതിട്ട റാന്നി ഡിവിഷനാണ് കേസെടുത്തത്. പമ്പയിലാണ് ചിത്രീകരണം നടത്തിയത് എന്നായിരുന്നു സംവിധായകന്റെ വാദം. എന്നാൽ ചിത്രീകരണം നടന്നത് അതീവ സുരക്ഷ മേഖലയായ പെരിയാർ കടുവ സങ്കേതത്തിന്‍റെ ഭാഗമാണോ എന്ന് വനംവകുപ്പ് നിലവിൽ പരിശോധിച്ചുവരികയാണ്.
 
നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ്, വിലക്കുകൾ ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് വെച്ച് ഷൂട്ട് ചെയ്തു എന്ന് പരാതി ഉയർന്നിരുന്നു. ഷൂട്ടിംഗ് അനുമതി തേടി സിനിമയുടെ അണിയറ പ്രവർത്തകർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ നേരത്തെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവു ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് അനുമതി നൽകാതിരുന്നത്. 
 
എന്നാൽ പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടുവെന്നും എഡിജിപിയാണ് പമ്പയിൽ ഷൂട്ട്‌ ചെയ്യാൻ പറഞ്ഞതെന്നും  അന്വേഷണം നടക്കട്ടെ എന്നും സംവിധായകൻ അനുരാജ് മനോഹർ പ്രതികരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow