കൊച്ചി: മെന്‍റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. പടമിടപാട് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് ആദ്യ ഘട്ടത്തിൽ പോലീസ് നടത്തുന്നത്. അതേസമയം സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരനും പ്രവാസി വ്യവസായിയുമായ ബെന്നി.
മെൻ്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ എന്ന ഷോയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ബെന്നി പറയുന്നത്. ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്നും പണം തിരികെ നല്‍കാതെ ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസിനെ സമീപിച്ചതെന്നും ബെന്നി പറയുന്നു.
പണം വാങ്ങിയതിന് ശേഷം ലാഭമോ,മുടക്കിയ തുകയോ മടക്കി നൽകിയില്ല. രണ്ട് ഘട്ടമായിട്ടാണ് ആദി പണം വാങ്ങിയിരുന്നത്. ഷോ ഡയറക്ടർ ജിസ് ജോയി ആണെന്നാണ് ആദി പറഞ്ഞിരുന്നത്. നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും ബെന്നി അറിയിച്ചു.
ഇന്‍സോമ്നിയയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയും മൂന്നിലൊന്ന് ലാഭ വിഹിതവും തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നാണ് എഫ്ഐആര്‍. ഇന്നലെയാണ് മെന്റലിസ്റ്റ് ആദിയ്ക്കും സംവിധായകയാണ് ജിസ് ജോയ്‌ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ ആദി പ്രതികരിച്ചിരുന്നു. അടിസ്ഥാന രഹിതമായ പരാതിയാണെന്നാണ് ആദി പറയുന്നത്. വിദേശ പരിപാടി കഴിഞ്ഞ് തിരികെയെത്തിയാല്‍ ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകുമെന്നും ആദി അറിയിച്ചു.