നൂതന ആശയങ്ങളിലൂടെ സാമൂഹിക മാറ്റം ലക്ഷ്യം: മുഖ്യമന്ത്രി

ഭരണനിർവഹണത്തിൽ ഉൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കും

Jan 24, 2026 - 14:36
Jan 24, 2026 - 14:36
 0
നൂതന ആശയങ്ങളിലൂടെ സാമൂഹിക മാറ്റം ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: നൂതനവും സാങ്കേതികവുമായ ആശയങ്ങളിലൂടെ സാമൂഹിക മാറ്റം സാധ്യമാക്കുക എന്ന നയമാണ് കേരളം മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് നടന്ന എഐ ഫ്യൂച്ചർകോൺ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് മുന്നോടിയായി കേരളത്തിൽ സംഘടിപ്പിച്ച എഐ ഉച്ചകോടി വിജ്ഞാനധിഷ്ഠിത നവകേരള നിർമ്മിതിയിലെ സുപ്രധാന നാഴികക്കല്ലാണ്.
 
സാങ്കേതികവിദ്യയെ കേവലം സിദ്ധാന്തങ്ങളിൽ ഒതുക്കാതെ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉപയോഗിക്കണം. ഭരണനിർവഹണത്തിൽ ഉൾപ്പടെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിർമ്മിത ബുദ്ധിക്ക് സാധിക്കും. സർക്കാർ സേവനങ്ങൾ ഓട്ടോമേഷനിലൂടെ കൂടുതൽ സുതാര്യമാക്കാനും ജനങ്ങളുടെ അഭിപ്രായങ്ങൾ എളുപ്പത്തിൽ സ്വരൂപിക്കാനും ഇതുവഴി സാധിക്കും.
ആരോഗ്യമേഖലയിൽ രോഗനിർണയത്തിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാനും, പ്രെഡിക്റ്റീവ് അനലിറ്റിക്സ് ഉപയോഗിച്ച് പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി പ്രവചിക്കാനും എഐ ഉപയോഗപ്പെടുത്താനാകും. വിദ്യാഭ്യാസ രംഗത്ത് സ്കൂൾ തലം മുതൽ എഐ പരിശീലനം ഉറപ്പാക്കി വിദ്യാർത്ഥികളെ തൊഴിൽ മേഖലയിൽ മുൻപന്തിയിൽ എത്തിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
കഴിഞ്ഞ പത്ത് വർഷമായി ഐടി മേഖലയിൽ വലിയ മുന്നേറ്റമാണ് കേരളം നടത്തിയത്. ലോകത്തിലെ തന്നെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും കൊച്ചിയിലെ ഗ്രാഫീൻ ഇന്നവേഷൻ സെന്ററും സാങ്കേതിക ഗവേഷണങ്ങൾക്ക് പുതിയ മാനം നൽകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഐടി പാർക്കുകളുടെ വിപുലീകരണത്തിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
 
സാങ്കേതികവിദ്യ വളരുമ്പോഴും പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് “റെസ്പോൺസിബിൾ എഐ” എന്ന ആശയത്തിന് ഈ ഉച്ചകോടിയിൽ പ്രാധാന്യം നൽകുന്നത്. വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കുള്ള സംസ്ഥാനത്തിന്റെ യാത്രയിൽ ഈ ഉച്ചകോടിയിലെ നിർദ്ദേശങ്ങൾ നിർണ്ണായകമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow