യുഎസിൽ കുടുംബവഴക്കിനിടെ വെടിവയ്പ്പ്: ഇന്ത്യക്കാരായ നാലുപേർ കൊല്ലപ്പെട്ടു; കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
അലമാരയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ഒരു കുട്ടി എമർജൻസി സർവീസിനെ (911) വിളിച്ച് വിവരം അറിയിച്ചു
യുഎസിലെ ജോർജിയയിലുണ്ടായ ദാരുണമായ വെടിവയ്പ്പിൽ നാല് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് കുടുംബവഴക്കിനെത്തുടർന്ന് അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാർ സ്വന്തം ബന്ധുക്കൾക്ക് നേരെ വെടിയുതിർത്തത്.
മീനു ഡോഗ്ര (43), പ്രതിയുടെ ഭാര്യ, നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38), ഗൗരവ് കുമാർ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പ് നടക്കുന്ന സമയത്ത് മൂന്ന് കുട്ടികൾ വീട്ടിലുണ്ടായിരുന്നു. അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇവർ അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.
അലമാരയ്ക്കുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ഒരു കുട്ടി എമർജൻസി സർവീസിനെ (911) വിളിച്ച് വിവരം അറിയിച്ചു. പോലീസ് ഉടൻ സ്ഥലത്തെത്തുകയും പ്രതിയായ വിജയ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികൾ പരിക്കേൽക്കാതെ സുരക്ഷിതരായി പുറത്തെത്തി. ഇവരെ പിന്നീട് ബന്ധുക്കളുടെ സംരക്ഷണത്തിലേക്ക് മാറ്റി.
അറ്റ്ലാന്റ പോലീസ് വിജയ് കുമാറിനെതിരെ മനഃപൂർവ്വമല്ലാത്ത കൊലപാതകം, കുട്ടികളോടുള്ള ക്രൂരത,
തോക്ക് ഉപയോഗിച്ചുള്ള അതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും കോൺസുലേറ്റ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രാദേശിക അധികൃതരുമായി ചേർന്ന് തുടർനടപടികൾ ഏകോപിപ്പിച്ചു വരികയാണെന്ന് കോൺസുലേറ്റ് ഔദ്യോഗികമായി അറിയിച്ചു.
What's Your Reaction?

