ഇസ്ലാമാബാദ്: ഇസ്ലാമാബാദ് ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചെന്ന് സഹോദരി. ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചെന്ന് അഭ്യൂഹം പ്രചരിച്ചതോടെ ഇമ്രാൻ ഖാനെ പാർപ്പിച്ച അദിയാല ജയിലിന് മുന്നിൽ സഹോദരി അലീമ ഖാൻ സമരം ആരംഭിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് പാക് ജയിൽ അധികൃതർ അനുമതി നൽകിയത്. ഇതോടെ സഹോദരി അലീമ ഖാനും പിടിഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധർണ അവസാനിപ്പിച്ചു.
പോലീസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സന്ദർശന അനുമതി ലഭിച്ചതെന്നും അലീമ ഖാൻ അറിയിച്ചു. ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ പ്രതിഷേധക്കാർ സമാധാനമായി പിരിഞ്ഞു.