പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; പരീക്ഷകൾ മാറ്റി, യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ വിമാന സർവീസുകൾ

ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും

Mar 6, 2026 - 09:41
Mar 6, 2026 - 11:05
 0
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; പരീക്ഷകൾ മാറ്റി, യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ വിമാന സർവീസുകൾ

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുമ്പോഴും മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞെന്ന അമേരിക്കൻ അവകാശവാദങ്ങൾക്കിടയിലും ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, യാത്രാക്ലേശം പരിഹരിക്കാൻ വിമാനക്കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. വ്യോമമേഖല ഭാഗികമായി തുറന്നതോടെ കേരളത്തിലേക്കടക്കം കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഒരുങ്ങുകയാണ്. 

എന്നാൽ, വിദ്യാഭ്യാസ മേഖലയിലും യാത്രാരംഗത്തും നിയന്ത്രണങ്ങൾ തുടരുന്നു. ദുബായ്, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് ഇന്ന് വിമാനങ്ങളുണ്ട്. മസ്ക്കറ്റിലേക്കും തിരിച്ചും കൂടുതൽ സർവീസുകളും റിലീഫ് ഫ്ലൈറ്റുകളും എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഈ മാസം 11-ാം തീയതി വരെയുള്ള എല്ലാ സിബിഎസ്ഇ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസുകാർക്ക് നാളെ നടക്കേണ്ടിയിരുന്ന പരീക്ഷയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. 

മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്‌മെന്റുകളും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ആളപായമില്ലെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ എത്തിയ മിസൈൽ ആക്രമണം സൗദി അറേബ്യ വിജയകരമായി തടഞ്ഞു. ഇറാഖിലെ കുർദിഷ് മേഖല വഴി ഇറാനെതിരെ കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായാണ് സൂചനകൾ. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനാൽ ജനങ്ങളുടെ കൂട്ടപ്പലായനവും തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow