സുഖോയ് യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; വിമാനാവശിഷ്ടങ്ങൾ പൂർണ്ണമായി കത്തിയ നിലയിൽ

അസമിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് കാണാതായ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്

Mar 6, 2026 - 11:02
Mar 6, 2026 - 11:05
 0
സുഖോയ് യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു; വിമാനാവശിഷ്ടങ്ങൾ പൂർണ്ണമായി കത്തിയ നിലയിൽ

ന്യൂഡല്‍ഹി: അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ (Sukhoi-30 MKI) യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ രാജ്യത്തിന് രണ്ട് ധീരസൈനികരെ നഷ്ടമായി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും വീരമൃത്യു വരിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

അസമിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് കാണാതായ പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് രാജ്യത്തിനായി ജീവൻ ബലിനൽകിയത്.

ഇന്നലെ വൈകുന്നേരം 7.42-ഓടെയാണ് വിമാനവുമായുള്ള റഡാർ ബന്ധം അവസാനമായി ലഭിച്ചത്. ജോർഹട്ടിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ടതായിരുന്നു വിമാനം. വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെ വ്യോമസേന വിപുലമായ തിരച്ചിൽ ആരംഭിച്ചു. വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തുമ്പോൾ അവ പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു.

തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ട് പൈലറ്റുമാരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടകാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ പ്രത്യേക സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്. പൈലറ്റുമാരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അനുശോചനം രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow