ഡൽഹി: ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി പൂജ്യത്തിലേക്കെത്തിയ സാഹചര്യത്തിലാണ് നടപടി.
പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. വിദേശത്തു നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
റീഫണ്ട് 7 ദിവസത്തിനകം നൽകുമെന്നും അറിയിച്ചു. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം നടക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്.
വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും നിർദേശം നൽകി. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയിൽ, വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ. വായുമലിനീകരണത്തെ തുടർന്ന് ആദ്യ ദിവസം 3746 വാഹനങ്ങൾക്കാണ് സംസ്ഥാനത്ത് പിഴ ചുമത്തിയത്. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ ആണ് നടപടി.