ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; റോഡിൽ വീണുകിടന്നത് അരമണിക്കൂർ; പ്രതിയെ പൊക്കിയത് കിണറ്റിൽ ഒളിച്ചിരിക്കെ

വീട്ടിൽ വളർത്തുന്ന നായ റോഡിലേക്കിറങ്ങിയപ്പോൾ അതിനെ പിടിക്കാൻ പുറത്തിറങ്ങിയതായിരുന്നു സൗമ്യ

Mar 17, 2026 - 08:28
Mar 17, 2026 - 08:28
 0
ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; റോഡിൽ വീണുകിടന്നത് അരമണിക്കൂർ; പ്രതിയെ പൊക്കിയത് കിണറ്റിൽ ഒളിച്ചിരിക്കെ

തൃശൂർ: ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടിൽ വളർത്തുന്ന നായ റോഡിലേക്കിറങ്ങിയപ്പോൾ അതിനെ പിടിക്കാൻ പുറത്തിറങ്ങിയതായിരുന്നു സൗമ്യ. ഈ സമയം കത്തിയുമായി പിന്തുടർന്ന തോമസ് സൗമ്യയെ കുത്തുകയായിരുന്നു. കുത്തേറ്റ സൗമ്യ ഏകദേശം അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട തോമസ് സമീപത്തെ വീടിന്റെ കിണറ്റിൽ ഇറങ്ങി ഒളിച്ചു. തിരച്ചിലിനൊടുവിൽ പോലീസാണ് ഇയാളെ കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. അഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് പ്രതിയായ തോമസ്. കിണറ്റിൽ ഇറങ്ങിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഏഗ്ന, ആരോൺ എന്നിവർ മക്കളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow