മലപ്പുറത്ത് നടുക്കുന്ന കൊലപാതകം; ചായ നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു; മക്കൾ നോക്കിനിൽക്കെ ക്രൂരത

സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു

Mar 16, 2026 - 14:30
Mar 16, 2026 - 14:30
 0
മലപ്പുറത്ത് നടുക്കുന്ന കൊലപാതകം; ചായ നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു; മക്കൾ നോക്കിനിൽക്കെ ക്രൂരത

മലപ്പുറം: ചായ ചോദിച്ചിട്ട് നൽകിയില്ലെന്ന നിസ്സാര കാരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർതൃമാതാവ് മുപ്പതുകാരിയായ മരുമകളെ വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനി രജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. രജിലയുടെ മക്കളുടെ മുന്നിൽ വെച്ചായിരുന്നു ശാന്ത വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമണം നടത്തിയത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ രജിലയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പലതവണ ചോദിച്ചിട്ടും രജില ചായ നൽകാൻ തയ്യാറായില്ലെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പിടിയിലായ ശാന്ത പോലീസിനോട് സമ്മതിച്ചു. രജിലയുടെ പിഞ്ചുമക്കൾ തടയാൻ ശ്രമിച്ചെങ്കിലും ശാന്ത പിന്മാറിയില്ല. കുട്ടികളുടെ നിലവിളി കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്.

സംഭവസമയത്ത് രജിലയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും തുടർച്ചയായി വെട്ടുകയായിരുന്നു. പ്രതി ശാന്തയെ പൂക്കോട്ടുംപാടം പോലീസ് ചോദ്യം ചെയ്തുവരികയാണ്. രജിലയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റ് കുടുംബപ്രശ്നങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow