വീണ ടിക്ക് വീണ്ടും ഇഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

Jun 12, 2026 - 12:48
Jun 12, 2026 - 12:48
 0
വീണ ടിക്ക് വീണ്ടും ഇഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാട് കേസിൽ എക്‌സാലോജിക് മാനേജിംഗ് ഡയറക്ടർ വീണ ടിക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. ബുധനാഴ്ച രാവിലെ 10.30ന് കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.

ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ ഇഡി സമൻസ് നൽകിയിരുന്നെങ്കിലും അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് വീണ അറിയിച്ചിരുന്നു. രണ്ടാഴ്ചത്തെ സാവകാശം തേടി ഇ-മെയിൽ അയച്ചതോടൊപ്പം ആവശ്യമായ രേഖകൾ അഭിഭാഷകൻ മുഖേന സമർപ്പിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ സമയം അനുവദിക്കാതെ ബുധനാഴ്ച തന്നെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണ്ടും സമൻസ് നൽകുകയായിരുന്നു.

പിഎംഎൽഎ നിയമത്തിലെ വകുപ്പ് 50 പ്രകാരമുള്ള സമൻസിൽ ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. അതേസമയം, സിഎംആർഎൽ ഉദ്യോഗസ്ഥരുടെയും ചോദ്യം ചെയ്യൽ അടുത്ത ആഴ്ച നടക്കും. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിൽ ഹാജരാകാൻ ശരൺ എസ്. കർത്തയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

വീണയെ ചോദ്യം ചെയ്യുന്നതിനായി ഇഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചുവെന്നതടക്കമുള്ള വിഷയങ്ങളിൽ വ്യക്തത തേടാനാണ് നീക്കം. സിഎംആർഎൽ ഉദ്യോഗസ്ഥർ മുമ്പ് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യൽ നടക്കും.

കേസിൽ അന്വേഷണം തുടരാൻ ഇഡിക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow