കെഎസ്ആർടിസി ടെർമിനലിൽ സീലിങ് ഇടിഞ്ഞുവീണു; യാത്രക്കാർക്ക് പരുക്ക്, ഒഴിവായത് വൻ ദുരന്തം

Jun 12, 2026 - 12:58
Jun 12, 2026 - 12:58
 0
കെഎസ്ആർടിസി ടെർമിനലിൽ സീലിങ് ഇടിഞ്ഞുവീണു; യാത്രക്കാർക്ക് പരുക്ക്, ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി പ്രധാന ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലെ സീലിങ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 1.22ഓടെയായിരുന്നു സംഭവം. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ചിരുന്ന ജിപ്സം സീലിങ്ങാണ് ഇളകി വീണത്.

മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന 13-ാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമാണ് അപകടമുണ്ടായത്. ബസ് കാത്തിരുന്ന ആലപ്പുഴ സ്വദേശിയായ മധു (58), വയനാട് മാനന്തവാടി സ്വദേശിയായ അജിത്ത് (24) എന്നിവർക്ക് തലയിൽ ചെറിയ പരുക്കേറ്റു.

പുലർച്ചെ സമയമായതിനാൽ ഇവിടെ കൂടുതൽ യാത്രക്കാരില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാൻ കാരണമായി. ടെർമിനലിന്റെ രണ്ടാം നിലയിലെ സീലിങ്ങും അപകടാവസ്ഥയിലാണെന്നാണ് വിവരം. ദിവസങ്ങൾക്ക് മുമ്പ് ഒന്നാം നിലയിലെ ജിപ്സം സീലിങ്ങിന്റെ ഭാഗവും പൊട്ടി വീണിരുന്നു.

2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിന് ഗുരുതര ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. സമുച്ചയത്തിലെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും അടിയന്തര ബലപ്പെടുത്തൽ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെയും ബലപ്പെടുത്തലിന്റെയും ഉത്തരവാദിത്തം സംബന്ധിച്ച് സർക്കാരും പാട്ടക്കരാർ കമ്പനിയായ അലിഫ് ബിൽഡേഴ്സും തമ്മിലുള്ള നിയമതർക്കം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും സുരക്ഷാഭീഷണിക്കിടയിലാണ് ടെർമിനൽ ഉപയോഗിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow