'നോട്ടീസിൽ വ്യക്തതയില്ല'; അമ്മയ്ക്ക് മറുപടിയുമായി അന്‍സിബ, ആരോപണങ്ങള്‍ തള്ളി നടി
കൊച്ചി: താരസംഘടനയായ അമ്മ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വിശദമായ മറുപടി നൽകി നടി അൻസിബ.
നോട്ടീസിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ വ്യക്തതയില്ലെന്നും താൻ ലംഘിച്ചുവെന്ന് പറയുന്ന ചട്ടങ്ങളോ നടപടികളോ എന്താണെന്ന് വ്യക്തമാക്കിയാൽ മാത്രമേ കൃത്യമായ വിശദീകരണം നൽകാൻ കഴിയുകയുള്ളുവെന്നും അൻസിബ മറുപടിയിൽ ചൂണ്ടിക്കാട്ടി.
നടി ലക്ഷ്മി പ്രിയയുമായും നടൻ ടിനി ടോമുമായും ഉണ്ടായ വിവാദങ്ങൾ വ്യക്തിപരമായ വിഷയങ്ങളാണെന്നും അതിൽ സംഘടനയ്ക്ക് നേരിട്ട് ഇടപെടാനോ ബന്ധപ്പെടാനോ കാര്യമില്ലെന്നും അൻസിബ വ്യക്തമാക്കി.
നേരത്തെ സംഘടനയിൽ പരാതി നൽകിയിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു.
ക്രിമിനൽ സ്വഭാവമുള്ളതായി കരുതുന്ന സംഭവങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നത് തന്റെ അവകാശമാണെന്നും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വ്യക്തിപരമായതാണെന്നും മറുപടിയിൽ പറയുന്നു.
മാധ്യമങ്ങളിലൂടെ സംഘടനയുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് അമ്മ അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
പൊതുസമൂഹത്തിനുമുന്നിൽ സംഘടനയുടെ വിശ്വാസ്യതയും സൽപ്പേരും നഷ്ടപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം.
അതേസമയം, അൻസിബ നൽകിയ മറ്റൊരു പരാതിയിൽ വനിതാ എസ്‌ഐയ്ക്കും ലക്ഷ്മി പ്രിയയ്ക്കുമെതിരായ ആരോപണങ്ങൾക്ക് മതിയായ അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐ രേഷ്മ മോശമായി പെരുമാറിയിട്ടില്ലെന്നും പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുക മാത്രമാണ് ചെയ്തതെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
നടൻ ടിനി ടോമിനെതിരായ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.
തനിക്കെതിരെ നിരന്തര സൈബർ അധിക്ഷേപവും വർഗീയ പരാമർശങ്ങളും നടത്തിയെന്നാണ് അൻസിബയുടെ ആരോപണം.
പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, കേസിലെ പ്രധാന സാക്ഷിയായ നടി നീനാ കുറുപ്പിന്റെയും ടിനി ടോമിന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും.
What's Your Reaction?



