പാലക്കാട്: കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. പ്രദേശികമായ എതിർപ്പുകൾ വരാം. എന്നാൽ, അത് പരിഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് നടന്ന എക്‌സൈസ് വകുപ്പിന്റെ സംസ്ഥാന സെമിനാറിലാണ് മന്ത്രിയുടെ പ്രസ്താവന. കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉൽപാദിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് തന്നെ മദ്യം ഉൽപാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താൽപ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉൽപാദനത്തെ എതിർക്കുന്നത്.
വെള്ളത്തിൻ്റെ പ്രശ്നം പറയുന്നവരുണ്ട്. കർണ്ണാടകയിൽ ഇല്ലാത്ത വെള്ളത്തിൻ്റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളത് എന്നും മന്ത്രി ചോദിച്ചു .മദ്യം എന്നതൊരു വ്യവസായമാണ്. ഇന്‍ഡസ്ട്രി എന്ന നിലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനും വരുമാനമുണ്ടാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കാനും കഴിയുന്ന ഒരു സമീപനമായിരിക്കണം ഉണ്ടാകേണ്ടത്.
സ്ഥാപിത താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.