തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലൻസ്. ഉണ്ണികൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി.
സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. ഇതിനായി വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നോ നാളെയോ ബംഗളൂരുവിലേക്ക് തിരിക്കും.
സന്നിധാനത്ത് വില കൂടിയ ഒരു സമര്‍പ്പണം നടത്താന്‍ അഞ്ചോളം പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചന. ഇതില്‍ നിന്ന് ലഭിക്കുന്ന പണം ഇയാള്‍ ബ്ലേഡ് പലിശയ്ക്ക് നല്‍കിയിരുന്നതായും വിജിലന്‍സ് പറയുന്നു.
ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വർണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയേയും സുഹൃത്തുക്കളായ രണ്ടു വ്യവസായികളേയും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് വിജിലന്‍സ്.