മൂന്നാർ വീണ്ടും തണുത്തുറയുന്നു; ചെണ്ടുവരയിൽ ഒരു ഡിഗ്രി സെൽഷ്യസ്, പുൽമേടുകളിൽ മഞ്ഞുപാളികൾ
സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്
തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിലേക്ക്. വ്യാഴാഴ്ച പുലർച്ചെ ചെണ്ടുവരയിൽ താപനില ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതോടെ പ്രദേശത്തെ പുൽമേടുകളിലും ചെടികളിലും വ്യാപകമായി മഞ്ഞുപാളികൾ രൂപപ്പെട്ടു.
സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഈ ഭാഗങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഡിസംബർ 13-ന് ചെണ്ടുവരയിൽ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം താപനില ഉയർന്നെങ്കിലും ഇപ്പോൾ വീണ്ടും താഴുകയായിരുന്നു.
കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളിലും താപനില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.
What's Your Reaction?

