കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. സംഭവത്തിൽ മകൾ നിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കഞ്ചാവ് കേസുകളിലെ പ്രതിയാണ് നിവ്യ. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ കുഞ്ഞന്‍ബാവയുടെയും സരസുവിന്റെയും മകള്‍ നിവ്യ(30)യെ പനങ്ങാട് പൊലീസ് പിടികൂടിയത്.
എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ഫെയ്സ്ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ചുള്ള തർക്കത്തിന് പിന്നാലെ നിവ്യ അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിഷയത്തില്‍ പനങ്ങാട് പോലീസ് കേസെടുത്തിരുന്നു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ നിലവില്‍ ചികിത്സയിലാണ് നിവ്യയുടെ അമ്മ.
തൊഴിലുറപ്പ് തൊഴിലാളിയായ സരസു ഇളയ മകളായ നിവ്യയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ടു. അതിന് ശേഷം കമ്പിപ്പാര ഉപോഗിച്ച് തലയ്ക്കും മറ്റ് ശരീര ഭാഗങ്ങളിലും മര്‍ദിക്കുകയായിരുന്നു. അമ്മയെ മകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.