തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ പോലീസ് ഉദ്യോഗസ്ഥൻ ജെയ്‌സൺ അലക്സിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മകൻ ജീവനൊടുക്കിയത് തൊഴിൽ സമ്മർദത്തെ തുടർന്നാണെന്ന് ജെയ്‌സൺ അലക്സിന്റെ അമ്മ. ആറ് കോടിയുടെ ബില്ലില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സമ്മര്‍ദമുണ്ടായെന്ന് അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേല്‍ ഹൗസില്‍ ജെയ്സണ്‍ അലക്‌സിനെ(48) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ഇന്‍സ്‌പെക്റ്ററായിരുന്നു ജെയ്സണ്‍.
ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ മകന്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന്‍ പറഞ്ഞതായും ജയ്‌സണിന്റെ അമ്മ പറഞ്ഞു. അഴിമതിക്ക് വഴങ്ങാത്തതിൽ വൈരാഗ്യത്തോടെ മേൽ ഉദ്യോഗസ്ഥർ പെരുമാറിയെന്നും മാതാവ് പറഞ്ഞു.
ജെയ്‌സണിന്റെ മരണം ആത്മഹത്യ അല്ലെന്നും മരണത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭാര്യ സോമി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.