ഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ പെട്ട ഏതാനും ആൾക്കാരെ രക്ഷപ്പെടുത്തി. ഇനിയും ആൾക്കാർ കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടക്കുന്നതായി വിവരം.
വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ജണ്ട കോളനിയിലെ ഗലി നമ്പർ 5ലാണ് അപകടമുണ്ടായത്. കെട്ടിടത്തിൽ 10 കുടുംബങ്ങൾ താമസിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു.
14 മാസം പ്രായമുള്ള ഒരു ആൺകുട്ടി, നാല് പുരുഷന്മാർ, മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ ഇതുവരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഡൽഹി പോലീസ്, സിവിൽ ഡിഫൻസ്, നാട്ടുകാർ എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.