തിരുവനന്തപുരം: കീം പ്രവേശനത്തിനായി പഴയ ഫോർമുലയിൽ നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഈ മാസം 16 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും. കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
12ാം ക്ലാസ് മാർക്ക്, പരിശീലന പരീക്ഷയുടെ സ്കോർ, വെയിറ്റേജ് എന്നിവ കണക്കാക്കിയായിരുന്നു ഇതു വരെയും റാങ്ക് ലിസ്റ്റ് പുറത്തു വിട്ടിരുന്നത്. 2011 മുതൽ റാങ്ക് പട്ടിക ഇത്തരത്തിലായിരുന്നു പ്രസിദ്ധപ്പെടുത്തുന്നത്. നേരത്തെ 1:1:1 എന്ന അനുപാതത്തിലായിരുന്നു വെയിറ്റേജ്. എന്നാൽ ഇത്തവണ ഇത് 5:3:2 എന്ന അനുപാതത്തിലാക്കി മാറ്റി. ഇതാണ് വലിയ വിവാദമായി മാറിയത്.
എന്നാൽ കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ അടുത്ത വർഷം മാനദണ്ഡം മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. കീം വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള ഒരു ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസമുണ്ടായെന്നും അതിനു കാരണം സർക്കാരാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.