ബംഗളൂരു: തെരുവുനായകൾക്കായി പുതിയ പദ്ധതിയുമായി ബംഗളൂരു കോർപ്പറേഷൻ. തെരുവുനായകൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ ഈ പദ്ധതി സഹായകമാകുമെന്നാണ് റിപ്പോർട്ട്.
പദ്ധതി പ്രകാരം ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറും നൽകാനാണ് തീരുമാനം. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ പദ്ധതി ഗുണം ചെയ്യുന്നത്. ഓരോ നായയ്ക്കു 150 ഗ്രാം ഇറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ അടങ്ങിയ ഭക്ഷണമാണ് പദ്ധതി പ്രകാരം നൽകുക.
22.49 രൂപയാണ് ഒരു നായയുടെ ഭക്ഷണചിലവായി കോർപ്പറേഷൻ കണക്കാക്കുന്നത്. ഒരു വർഷത്തേക്ക് ഈ പദ്ധതിക്കായി മാത്രം 2.9 കോടി രൂപയാണ് കോർപ്പറേഷൻ നീക്കി വച്ചിരിക്കുന്നത്. അനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് മാർഗരേഖകളും അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.