വി ശിവൻകുട്ടിയെ അധിക്ഷേപിച്ച് വിഡി സതീശൻ

എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു

Jan 27, 2026 - 17:37
Jan 27, 2026 - 17:37
 0
വി ശിവൻകുട്ടിയെ അധിക്ഷേപിച്ച് വിഡി സതീശൻ
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ അധിക്ഷേപ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്ന് വി ഡി സതീശൻ പറഞ്ഞു.
 
നിയമസഭയിൽ ഡെസ്കിനു മുകളിൽ കയറി അസംബന്ധം പറഞ്ഞ ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലക്കേസിൽ സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന വി ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രസംഗത്തിന് എതിരെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.  
 
എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്‍റെ ചരിത്രത്തിലില്ലെന്നും  വിഡി സതീശൻ പറഞ്ഞു. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഢിത്തവും വായില്‍ നിന്ന് വരുവോയെന്നും വി ഡി സതീശൻ ആരാഞ്ഞു. 
 
അതേസമയം വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.  സെക്രട്ടറിയേറ്റിന് മുന്നിൽ സതീശൻ നടത്തിയത് ഒരു പൊതുപ്രവർത്തകൻ ഉപയോഗിക്കാൻ പാടില്ലാത്ത തരംതാണ പ്രസംഗമാണെന്ന് മന്ത്രി ആരോപിച്ചു. അദ്ദേഹത്തിൻ്റെ അണികളെ ആവേശഭരിതരാക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്.
 
സമുദായ നേതാക്കളെയും പിതാവിൻ്റെ പ്രായമുള്ളവരെയും ധിക്കാരത്തോടെയും നിഷേധത്തോടെയും നേരിടുന്ന സതീശനെ കേരളം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സതീശൻ വ്യക്തിപരമായി വ്യക്തിഹത്യ ചെയ്യരുത്. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായി നുണകളുടെ പരമ്പര സൃഷ്ടിക്കുന്ന സതീശൻ കേരള രാഷ്ട്രീയത്തിലെ ‘അസത്യങ്ങളുടെ രാജകുമാരൻ’ ആണെന്ന് മന്ത്രി വിശേഷിപ്പിച്ചു. 
 
കേരളത്തിൽ ആരെങ്കിലും ആർഎസ്എസ് സഹായം ചെയ്യുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. ഞാൻ RSSനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോൾ സതീശൻ വള്ളി നിക്കറിട്ട് നടക്കുകയാണ്. താൻ സംഘപരിവാർ ആണെന്ന സതീശൻ്റെ ആരോപണത്തിന് മറുപടിയായി, ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നട്ടെല്ല് വളച്ചത് താനല്ലെന്നും അത്  വിനായക് ദാമോദർ സതീശൻ ആണെന്നും ശിവൻകുട്ടി പരിഹസിച്ചു. സഭയിലെ കയ്യാങ്കളിയെക്കുറിച്ച് പറയാനുള്ളത് ഒളിച്ചുവെക്കേണ്ട കാര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow