അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ 51-കാരൻ കൊല്ലപ്പെട്ടു; മിനസോടയിൽ വ്യാപക പ്രതിഷേധം
വെടിയേറ്റ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല
വാഷിങ്ടണ്‍ യുഎസ് സംസ്ഥാനമായ മിനസോടയിലെ മിനിയപ്പലിസിൽ വാഹന പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റു 51 വയസ്സുകാരൻ കൊല്ലപ്പെട്ടു. രണ്ടാഴ്ച മുൻപ് യുഎസ് പൗരത്വമുള്ള റെനെ നിക്കോൾ ഗുഡ് എന്ന വനിത കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ സമാനമായ സാഹചര്യത്തിൽ വീണ്ടും മരണം നടന്നത് വലിയ ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
വാഹന പരിശോധനയ്ക്കിടെ തടഞ്ഞുനിർത്തിയ വ്യക്തിയുടെ കൈവശം തോക്കുണ്ടായിരുന്നുവെന്നും അത് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അക്രമാസക്തനായെന്നുമാണ് ഇമിഗ്രേഷൻ വിഭാഗം അവകാശപ്പെടുന്നത്. സ്വന്തം ജീവനും സഹപ്രവർത്തകരുടെ ജീവനും അപകടത്തിലാണെന്ന് തോന്നിയപ്പോഴാണ് ഉദ്യോഗസ്ഥൻ വെടിവെച്ചതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം വിശദീകരിച്ചു.
വെടിയേറ്റ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിനസോടയിൽ കുടിയേറ്റ പരിശോധനയുടെ പേരിൽ നടത്തുന്ന ഇത്തരം നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഗവർണർ ടിം വാൽസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നാലെ നഗരത്തിൽ പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. കുടിയേറ്റക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
What's Your Reaction?

