ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; എച്ച്-1ബി വിസ ഫീസ് കുത്തനെ കൂട്ടി യു.എസ്.
ഉന്നത വിദ്യാഭ്യാസവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ
വാഷിങ്ടൺ: എച്ച്-1ബി വിസയുടെ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കി (ഏകദേശം 88,09,180 രൂപ) യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഉന്നത വിദ്യാഭ്യാസവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ.
ഈ വിസയുടെ ദുരുപയോഗം തടയുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. "മികച്ച വിദേശ ഉദ്യോഗാർഥികളെ കൊണ്ടുവരാനാണ് എച്ച്-1ബി വിസ ലക്ഷ്യമിടുന്നത്. എന്നാൽ, ഇത് കുറഞ്ഞ ശമ്പളത്തിൽ ആളുകളെ കൊണ്ടുവരാനുള്ള മാർഗമായി മാറി. യു.എസിൽ ഒരു സാങ്കേതികവിദ്യാ വിദഗ്ദ്ധന് സാധാരണ ലഭിക്കുന്ന ഒരു ലക്ഷം ഡോളറിനേക്കാൾ വളരെ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് നൽകിയിരുന്നത്." ട്രംപ് പറഞ്ഞു.
പുതിയ പരിഷ്കാരം ടെക് മേഖലയിൽ ജോലി ചെയ്യുന്നവരെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികളെ കാര്യമായി ബാധിക്കും. എച്ച്-1ബി വിസ അപേക്ഷകരുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാമത്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നിൽ.
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം തുടങ്ങിയ മേഖലകളിലെ ഒഴിവുകൾ നികത്താൻ ബിരുദമോ അതിൽ കൂടുതലോ യോഗ്യതയുള്ള ആളുകൾക്കായി 1990-ലാണ് എച്ച്-1ബി വിസ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇത് കുറഞ്ഞ വേതനം നൽകാനും തൊഴിൽ സംരക്ഷണ നിയമങ്ങൾ ലംഘിക്കാനും കമ്പനികളെ സഹായിച്ചിരുന്നു.
What's Your Reaction?

