'ശബരിമല എല്ലാവർക്കും പ്രാപ്‍തമായ ആരാധനാലയം'; ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ദേവസ്വംമന്ത്രി വി.എൻ. വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 9.30യോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വി.എൻ. വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്.എന്‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്.
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?






