എൽ.ഡി.എഫ്. - യു.ഡി.എഫ്. റാലികൾക്കിടെ സംഘർഷം; കണ്ണീര്‍ വാതകപ്രയോഗത്തില്‍ ഷാഫി പറമ്പില്‍ എം.പിയ്ക്ക് പരിക്കേറ്റു
ശ്വാസതടസവും മുഖത്ത് പരിക്കുമേറ്റ എം.പിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതിനെത്തുടർന്ന് എൽ.ഡി.എഫ്., യു.ഡി.എഫ്. റാലികൾക്കിടെ സംഘർഷമുണ്ടായി. സംഘർഷം നിയന്ത്രിക്കാൻ പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിൽ ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റു. ശ്വാസതടസവും മുഖത്ത് പരിക്കുമേറ്റ എം.പിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചുണ്ടിനാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
പോലീസ് ലാത്തിചാർജിൽ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയും സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണി വരെ യു.ഡി.എഫ്. പേരാമ്പ്രയിൽ ഹർത്താൽ പ്രഖ്യാപിച്ചിരുന്നു.
ഹർത്താലിന് ശേഷം യു.ഡി.എഫ്. പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനവും എത്തുകയും ഇരു കൂട്ടരും നേർക്കുനേർ വരികയും ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം പെട്ടെന്ന് സംഘർഷത്തിലേക്ക് നീങ്ങി. സംഘർഷം പരിധി വിട്ടതോടെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്താണ് ഇരു വിഭാഗക്കാരെയും പിരിച്ചുവിട്ടത്. ഈ നടപടിക്കിടെയാണ് ഷാഫി പറമ്പിലിനും മറ്റ് നേതാക്കൾക്കും പരിക്കേറ്റത്.
പോലീസ് ഏകപക്ഷീയമായി യു.ഡി.എഫ്. പ്രകടനത്തിന് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു എന്നാണ് യു.ഡി.എഫ്. നേതാക്കൾ ആരോപിക്കുന്നത്. പരിക്കേറ്റ പല പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
What's Your Reaction?






