സ്കൂബ ഡൈവിങ്ങിനിടെ അപകടം; ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് ദാരുണാന്ത്യം
2006ൽ പുറത്തിറങ്ങിയ 'ഗാങ്സ്റ്റർ' എന്ന ഹിന്ദി സിനിമയിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ഗാർഗ് ദേശീയ ശ്രദ്ധ നേടിയത്

സിംഗപ്പൂർ: സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് (53) അന്തരിച്ചു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അസമിൽ നിന്നുള്ള സുബീൻ. അപകടത്തിൽപ്പെട്ട ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.
2006ൽ പുറത്തിറങ്ങിയ 'ഗാങ്സ്റ്റർ' എന്ന ഹിന്ദി സിനിമയിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ഗാർഗ് ദേശീയ ശ്രദ്ധ നേടിയത്. 'ക്രിഷ് 3' എന്ന ചിത്രത്തിലെ 'ദിൽ തൂ ഹി ബതാ' എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദിക്ക് പുറമെ നിരവധി അസമീസ് നാടോടി ഗാന ആൽബങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
സുബീന്റെ അപ്രതീക്ഷിത വിയോഗത്തിൽ അസം മന്ത്രി അശോക് സിംഘാൾ അനുശോചനം രേഖപ്പെടുത്തി. "അസമിന് അതിന്റെ ശബ്ദം മാത്രമല്ല, ഹൃദയസ്പന്ദനം കൂടിയാണ് നഷ്ടമായത്. അസമിന് സ്വന്തം മകനെയും രാജ്യത്തിന് സാംസ്കാരിക പ്രതീകത്തെയും നഷ്ടമായി," അദ്ദേഹം പറഞ്ഞു.
1972-ൽ മേഘാലയയിൽ ജനിച്ച സുബീൻ ഗാർഗിന്റെ യഥാർഥ പേര് സുബീൻ ബോർഥകുർ എന്നായിരുന്നു. തൊണ്ണൂറുകളിൽ അദ്ദേഹം തന്റെ ഗോത്രമായ 'ഗാർഗ്' പേരിനൊപ്പം ചേർക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ ഇന്ന് വൈകുന്നേരം സുബീൻ ഗാർഗ് ഒരു സംഗീത പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു.
What's Your Reaction?






